കുമാർ സംയോഗീ
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച വേഗതയിലായിരുന്നില്ലെങ്കിലും ക്രമാനുഗതമായിരുന്നു. എന്നാലിന്ന് 2021 നിയമ സഭാ തെരെഞ്ഞെടുപ്പിനു ശേഷം അത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. തോൽവിയിൽ പോലും അണികൾ ആവേശ ഭരിതരായിരുന്നു. തോൽവിയിൽ പോലും എതിരാളികൾ അംഗീകരിച്ചിരുന്നു. പലയിടങ്ങളിലെയും പരാജയങ്ങൾക്ക് ഒടുവിൽ നേമത്ത് നേടിയ വിജയത്തെക്കാൾ ആവേശമായിരുന്നു. 2009 ൽ പാർട്ടിക്കുണ്ടായിരുന്നത് 10 ലക്ഷം വോട്ടുകളാണ്. 6.31% വോട്ട് ഷെയർ! 2014 ൽ ഇത് 19 ലക്ഷവും 2019 ൽ 32 ലക്ഷവുമായി ഉയർന്നപ്പോൾ ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിലും വരുമെന്ന് കടുത്ത ബിജെപി വിരുദ്ധർ പോലും വിശ്വസിച്ചു. ഈ മൂന്ന് തെരെഞ്ഞെടുപ്പുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ബിജെപി ക്കനുകൂലമായ രാഷ്ട്രീയ മാറ്റത്തിന്റെ സൂചികകളാണ്. കേരളത്തിലെ 45% വരുന്ന മത ന്യൂനപക്ഷ ജനസംഖ്യ പരിഗണിച്ചാൽ 32 ലക്ഷം വോട്ടുകൾ മൊത്തം ഹിന്ദു വോട്ടിന്റെ 28% എന്ന ആകർഷകമായ നേട്ടമാണ്. എതിരാളികൾക്ക് പോലും ബിജെപി യിൽ ഉണ്ടായ വിശ്വാസത്തിന്റെ അടിസ്ഥാനം ഈ കണക്കുകളാണ്. പക്ഷെ ഈ വിശ്വാസമാണ് 2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പോടെ തകർന്നടിഞ്ഞത്.
ഇന്നും പ്രതിസന്ധിയുടെ ആഴം നേതാക്കൾ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഹിന്ദുത്വ രാഷ്ട്രീയം ചുവപ്പിനോട് സന്ധി ചെയ്യുന്ന നയം സ്വീകരിച്ചാൽ അത് ആത്മഹത്യാപരമാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ, കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപി എൽ ഡി എഫിനെ പിന്തുണക്കുന്ന അടവുനയം സ്വീകരിക്കുമെന്നും ഇതിലൂടെ പത്തോളം സീറ്റുകൾ സ്വന്തമാക്കുമെന്നും തെരഞ്ഞെടുപ്പു കാലത്ത് ഒരു ധാരണ പരത്തുകയും ഇതിനെ സ്ഥിരീകരിക്കുന്ന മട്ടിൽ സംസ്ഥാനാദ്ധ്യക്ഷൻ തന്നെ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് അണികളിൽ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. കേരളത്തിലെ ബി ജെ പി പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും കടുത്ത മാർക്സിസ്റ്റ് വിരുദ്ധരാണ്. ബലിദാനികളെ മറന്നുകൊണ്ടുള്ള പാർട്ടി തീരുമാനം അവർക്ക് സ്വീകാര്യമായിരുന്നില്ല. പ്രത്യേകിച്ച് ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ. ശബരിമല വിഷയത്തിൽ ശ്രീ. കെ. സുരേന്ദ്രൻ ഇടതുപക്ഷത്തിനെതിരെ തീഷ്ണമായ സമരമുഖമാണ് തുറന്നത്. ജയിൽവാസം മാത്രമല്ല, സുരേന്ദ്രനെതിരെ നൂറു കണക്കിന് കള്ളക്കേസുകൾ ചാർജ്ജ് ചെയ്ത് അദ്ദേഹത്തെ സംസ്ഥാനത്തുടനീളം കോടതി മുറികളിൽ നിന്ന് കോടതി മുറികളിലേക്ക് അക്ഷരാർത്ഥത്തിൽ വലിച്ചിഴക്കുകയായിരുന്നു. ഈ സഹന സമരമാണ് അദ്ദേഹത്തെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. പക്ഷെ നിയമ സഭാ തെരഞ്ഞെടുപ്പിൽ 'ഇടതു പക്ഷം തുടർന്നോട്ടെ' എന്ന രീതിയിൽ കെ എസ് തന്നെ സമരസപ്പെട്ടത് പാർട്ടിയുടെ സമരാത്മകത വല്ലാതെ ചോർത്തിക്കളഞ്ഞു. ഇത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആയുധമില്ലാത്ത പോരാളിയാക്കി.
ബിജെപി ഇന്നു നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പെട്ടെന്നുണ്ടായതാണ്. തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിക്കുന്ന വികലമായ ഒരു അടവുനയം ഒരു പാർട്ടിയെ എത്രമാത്രം ആഴമേറിയ പ്രതിസന്ധിയിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് മുതൽ മുഴുവൻ പാർട്ടി ഘടകങ്ങളെയും ഡിമോറലൈസ് ചെയ്യുന്ന ശൈലി നേതൃത്വം സ്വീകരിക്കുന്നു. ബിജെപി ദേശീയ തലത്തിൽ വൻ വിജയം നേടിയ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പോലുള്ള എ ക്ലാസ്സ് മണ്ഡലങ്ങളിൽ പോലും നേതാക്കൾ അലസരായിരുന്നു സംഘടന ദുർബലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട നേരിയ തിരിച്ചടിയെ സംസ്ഥാന നേതൃത്വം ഗൗരവമായി കണ്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം രുചിച്ചു. നേമം മണ്ഡലത്തിൽ പോലും കീഴ്ഘടകങ്ങൾ കുറ്റകരമായ നിസംഗതയിലായിരുന്നു.
പാർട്ടിയിൽ ചില നവ ബുദ്ധി കേന്ദ്രങ്ങൾ രൂപപ്പെട്ടതാണ് അതിന്റെ ഇന്നത്തെ നിലപാടുകളിലെ വൈകല്യങ്ങൾക്ക് കാരണം. നേതൃത്വ പരിശീലനം പാർട്ടി ഏതാണ്ടുപേക്ഷിച്ച വിടവിൽ പ്രത്യയശാസ്ത്ര വ്യക്തതപോലുമില്ലാത്തവർ പ്രാദേശിക നേതൃത്വം കൈയ്യാളി. ഈ നവ ബുദ്ധി കേന്ദ്രങ്ങൾ രൂപം കൊടുത്തതാണ് ചുവപ്പിനെ പിന്തുണക്കുക എന്ന അടവുനയം. രണ്ടു ശത്രുക്കളെ ഒരുമിച്ച് നേരിടുക പ്രയാസമാണത്രേ! അതുകൊണ്ട് അഖിലേന്ത്യ ശത്രുവായ കോൺഗ്രസിനെ തറപ്പറ്റിക്കാൻ അഴിമതിയും ദേശവിരുദ്ധതയും മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെ പിന്തുണക്കണമെന്ന വാദത്തിനു പുറകെ നിർഭാഗ്യവശാൽ സംസ്ഥാന നേതൃത്വം പോയി. കോൺഗ്രസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തറപറ്റിച്ചത്കൊണ്ട് ബിജെപിക്കെന്ത് ഗുണമെന്ന ചോദ്യം ബാക്കി നിൽക്കുന്നു. എന്തെങ്കിലും രാഷ്ട്രീയ ഗുണങ്ങളുണ്ടെങ്കിൽ തന്നെ ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കേണ്ട നയമായിരുന്നില്ലേ? കോൺഗ്രസിന്റെ പ്രതാപകാലത്ത് കമ്മ്യൂണിസ്റ്റുകളായിരുന്നല്ലോ ദേശീയതലത്തിൽ പ്രതിപക്ഷത്ത്. വർഷങ്ങൾ നീണ്ട രാഷ്ട്രീയ മത്സരത്തിൽ ബിജെപി ഇന്നുകാണും വിധം മുന്നിലെത്തിയത് വ്യത്യസ്തമായ പാർട്ടിയെന്ന പ്രതിഛായയിൽ ശക്തമായ സംഘടന പടുത്തുയർത്തിയാണ്, അടിയന്തിരാവസ്ഥ പോലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ തീവ്രമായ ജനപക്ഷ പോരാട്ടം നടത്തിയായിരുന്നു അല്ലാതെ സ്വന്തം സംഘടനാ സംവിധാനങ്ങളെ ദുർബലമാക്കി അഴിമതി ഭരണത്തോട് സന്ധി ചെയ്തുകൊണ്ടല്ല. ചർച്ചകൾ ഇല്ലാത്ത തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് പാർട്ടിയിൽ. വലിയൊരു വിഭാഗം പ്രവർത്തകർ നീരസം കാട്ടിയിട്ടും അത് നേതൃത്വം അറിയാതെ പോയി. എതിരഭിപ്രായങ്ങളെ ഭീഷണി കൊണ്ടും കായികമായും നേരിട്ടു. അങ്ങനെ ഈ നവ ബുദ്ധി കേന്ദ്രങ്ങൾ പാർട്ടിയെ പടുകുഴിയിലിട്ടു. അതി തീവ്രമായ രാഷ്ട്രീയ വെല്ലുവിളികളെ ഇടതുപക്ഷം അയത്നലളിതമായി മറികടന്നു. ബിജെപി സമ്പൂജ്യരായി. തെരെഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷാക്രമണം പാർട്ടിക്ക് നേരെ ശക്തിപ്പെടുകയും ചെയ്തു. കുഴൽപ്പണക്കടത്തടക്കം കേസ്സുകളിൽ പാർട്ടിയുടെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു.
തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിന് മേൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളിൽ മത്സരിച്ചതടക്കമുള്ള തീരുമാനങ്ങൾ കേന്ദ്രത്തിന്റെതാണെന്ന വാദമുണ്ട്. പക്ഷെ സംസ്ഥാന രാഷ്ട്രീയ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള ചുമതലയും സംസ്ഥാന നേതൃത്വത്തിനുണ്ട്. പറയുന്നതെന്തും തലയാട്ടി അനുസരിക്കാനാണെങ്കിൽ ഇവിടത്തെ പാർട്ടി നിർവീര്യമാണെന്ന് പറയേണ്ടിവരും. ഇവിടത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് ഇവിടെയൊരു പാർട്ടി ഘടകത്തിന്റെ ആവശ്യമുള്ളത്. പാളിയതെവിടെയെന്ന വ്യക്തമായ ബോധ്യം നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് തെരെഞ്ഞെടുപ്പിനു ശേഷം എൽ ഡി എഫും യു ഡി എഫും നടത്തിയത് പോലുള്ള വിശകലനങ്ങളും പഠനങ്ങളും ഒന്നും ബിജെപി യിൽ ഉണ്ടാകാത്തത്. പക്ഷെ തിരുത്തൽ നടപടികൾ വൈകുന്നു എന്നത് ആശങ്കാജനകമാണ്. ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപാളയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. പാർട്ടിയിൽ പലർക്കും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ഒഴിഞ്ഞ ബൂത്ത് കമ്മിറ്റികളുമായാണ് പാർട്ടി തെരഞ്ഞെടുപ്പു നേരിട്ടത്. ഇവ ഉടൻ പുനസംഘടിപ്പിച്ചാൽ തന്നെ കാര്യങ്ങൾ നേരെയാകും. നേതാക്കളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തിയുള്ള ബൂത്തുകളല്ല, പ്രാദേശികമായി പ്രവർത്തകരെ വിളിച്ചുകൂട്ടി തെരെഞ്ഞെടുക്കപ്പെടുന്ന നേതൃത്വങ്ങൾക്ക് മാത്രമേ ഇവിടെയൊരു തിരിച്ചുവരവുണ്ടാക്കാൻ കഴിയൂ. ബിജെപി യുടെ പെട്ടിയിലേക്ക് വോട്ട് വീഴുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല മറിച്ചു പ്രവർത്തകൾ നിസ്വാർത്ഥരായി വോട്ടർമാരോട് സംവദിക്കുന്നത് കൊണ്ടാണ്. ആ പ്രവർത്തക ഗണത്തെ വിലകുറച്ചു കാണുന്ന ശൈലി പാർട്ടിയിൽ എങ്ങിനെയോ വന്നു ചേർന്നിരിക്കുന്നു. മൂന്ന് വർഷത്തിനപ്പുറം ഒരു പൊതു തെരഞ്ഞെടുപ്പു വരാനിരിക്കെ ശക്തമായ സംഘടന കെട്ടിപ്പടുക്കാനായാൽ വളരുക തന്നെ ചെയ്യും ബിജെപി കേരളത്തിലും.

